Tuesday, April 12, 2011

പൊങ്ങച്ചത്തിന്റെ പ്രവാസി വേര്‍ഷന്‍ 2011

'കണ്ടാല്‍ ഒരു ലുക്കില്ലന്നെയുള്ളൂ, ഞാനൊരു വക്കീലാ' എന്ന് സലീം കുമാര്‍ മീശമാധവനില്‍ പറയുന്നത് കേട്ട് ആര്‍ത്തുചിരിച്ചവരാണ് നമ്മള്‍. പണവും തറവാടും കാണാന്‍ കൊള്ളാവുന്ന ഒരു രൂപവുമൊക്കെയുണ്ട്, പക്ഷെ ഒരു പേരില്ല എന്ന് വിഷാദിക്കുന്ന പ്രാഞ്ചിയേട്ടനെ കണ്ട് സ്വയം ഉള്ളിലേക്ക് നോക്കി ഊറിഊറി ചിരിച്ചുപോയി നാം. പേരുണ്ടാവാന്‍ 'ഇനി വിലകൊടുത്താല്‍ കിട്ട്വാന്ന്ച്ചാല്‍ ഒരു പത്മശ്രീ തന്നെ വാങ്ങാം' എന്ന് പ്രാഞ്ചിയേട്ടന്‍ തീരുമാനിക്കുമ്പോള്‍ ഓര്‍ത്തോര്‍ത്താണ് നമ്മള്‍ ചിരിച്ചത്.


ഇങ്ങു കടലിനിക്കരെയും ചില സലീം കുമാര്‍മാരെയും പ്രാഞ്ചിയേട്ടന്മാരെയും കാണാമറയത്തിരുന്നു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാക്ഷിയുടെ മനസില്‍ ചില സമീപകാല ദൃശ്യങ്ങളും ഫ്ലാഷ് ബാക്കുകളും അങ്ങിനെ മിഴിവോടെ തെളിഞ്ഞുവരികയാണ്. പൊങ്ങച്ചമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിന്റെ മേലങ്കി എടുത്തണിയാന്‍ മടിയില്ലാത്ത സമൂഹം മലയാളികളുടേത് മാത്രമാകും. അല്ലെങ്കില്‍ സ്വന്തം മാതൃഭാഷയെ തല്ലിപുറത്താക്കി ഇംഗ്ലീഷ് മീഡിയത്തില്‍ ശുദ്ധ മലയാളികളുടെ മുഖത്തേക്ക് നോക്കി സംസാരിക്കാന്‍ തയ്യാറാവുമോ? ഒരു വിശിഷ്ട വ്യക്തിയെ ആദരിക്കുന്ന ചടങ്ങാണ് രംഗം. വിശിഷ്ട വ്യക്തിയുള്‍പ്പെടെ പ്രത്യേകം ക്ഷണിക്കപ്പെട്ട് എത്തിച്ചേര്‍ന്ന 108 പേരില്‍ 105 പേരും ശുദ്ധമലയാളികള്‍. ഒരു പാമ്പിനെ എടുത്തു മുന്നോട്ടിട്ടുകൊടുത്താല്‍ 'അയ്യോ പാമ്പ്' എന്ന് പച്ചമലയാളത്തില്‍ നിലവിളിച്ചുപോകുന്നു സാദാ മലയാളികള്‍. ഇത്തരമൊരു വേദിയില്‍ ആശയ വിനിമയത്തിന് ഏത് ഭാഷയാണ് ഉത്തമമെന്ന് ചോദിച്ചാല്‍ 'അതെന്തര് ചോദ്യമണ്ണാ, ശുദ്ധ മലയാളത്തിലങ്ങ് തട്ടെന്ന്' മാതൃഭാഷയുടെ മാധുര്യം നുണയുന്ന ഏതൊരാളും പറഞ്ഞുപോകും. ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്നത് അവനവന്റെ മാതൃഭാഷയിലാണല്ലൊ. പ്രവാസികള്‍ക്കിടയില്‍നിന്നുയര്‍ന്ന് ഉന്നത സ്ഥാനത്തെത്തിയ ഒരു ശ്രേഷ്ട വ്യക്തിത്വത്തെ ആദരിക്കുന്ന ചടങ്ങുകൂടിയാകുമ്പോള്‍ ഹൃദയത്തില്‍നിന്ന് വരുന്ന നല്ല രണ്ട് വാക്കു പറയാന്‍ അന്യന്റെ ഭാഷ കടമെടുക്കുന്നത് സ്വന്തം ഭാഷയില്‍ വാക്കുകള്‍ ഇല്ലാതായതുകൊണ്ടാണോ? അവിടെ മലയാളം അറിയാത്ത മൂന്നു പേരില്ലെ അവര്‍ക്ക് വേണ്ടിയാണ് എല്ലാവരും സായിപ്പായതെന്ന ന്യായത്തിന് മറ്റൊരു ഭാഷക്കാരന്റെയും അടുത്ത് കാല്‍ക്കാശിന്റെ വിലയുണ്ടാവില്ല. മറ്റു ഭാഷാ സമൂഹങ്ങളുടെ പരിപാടികളില്‍ പങ്കെടുത്ത് അവിടെയൊക്കെ മാതൃഭാഷക്കാണ് പ്രഥമ പരിഗണനയെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടിട്ടുള്ള ഒന്നുരണ്ടുപേരെങ്കിലും ഈ വേദിയില്‍ മലയാളത്തെ രക്ഷിക്കാന്‍ തയ്യാറായത് ഭാഷയുടെ അസന്ന മരണഭീതിയില്‍നിന്ന് അല്‍പം മുട്ടുശാന്തിയേകുന്നു. വേദിയിലുള്ള അന്യഭാഷക്കാരോട് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ രണ്ട് വാക്ക് പറഞ്ഞിട്ട് അവരുടെ അനുമതിയോടെ മുന്നില്‍ നിറഞ്ഞിരിക്കുന്ന തന്റെ ഭാഷാസമൂഹത്തോട് സ്വന്തം ഭാഷയില്‍ സംസാരിക്കലല്ലെ ഉചിതമെന്ന സാക്ഷിയുടെ ചിന്തക്ക് ചിന്തേരിട്ടത്, ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴുണ്ടായ ചിലരുടെ ആത്മഗതങ്ങളാണ്, ഇവരുടെയൊക്കെ ഇംഗ്ലീഷ് സായിപ്പിന് പോലും മനസിലാകുമെന്ന് തോന്നുന്നില്ല. സ്ഥാനത്തും അസ്ഥാനത്തും ഒരു 'ഐ വുഡ് ലൈക്ക് ടൂ.........'

ഒരു ചടങ്ങൊക്കെയാകുമ്പോള്‍ ഒരു ലുക്കൊക്കെ വരുത്തിവേണ്ടേ വരാനെന്ന് സലീം കുമാര്‍മാരുടെ ചോദ്യം കേട്ടുമടുത്താണ് സാക്ഷാല്‍ സാക്ഷിയെ പോലുള്ള പേപ്പരാസികളും ചാനലാസികളുമൊക്കെ ഇപ്പോള്‍ കോട്ടും സ്യൂട്ടുമിടാന്‍ തീരുമാനിച്ചത്. പ്രമുഖ ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടന ചടങ്ങിന് വളരെ കഷ്ടപ്പെട്ട് സ്യൂട്ടിലൊക്കെ കയറിയെത്തിയപ്പോഴല്ലെ മനസിലായത് അവിടെ ട്രോളിയുന്തുന്ന പോര്‍ട്ടറും കോട്ടാണ് ധരിക്കുന്നതെന്ന്.


ഒരു ഫ്ലാഷ്ബാക്ക്: വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇടതുവശം അല്‍പം ചരിവുള്ള ഒരു പ്രമുഖ നടന്‍ റിയാദിലെത്തി. സാധാരണക്കാരന്റെ ഭക്ഷണക്കൂട്ടായ അച്ചാര്‍ വില്‍ക്കാന്‍ വന്നതുകൊണ്ട് താരത്തിന് സാധാരണ പ്രവാസി സമൂഹത്തെയും അഭിസംബോധന ചെയ്യേണ്ടതുണ്ടായിരുന്നു. താരമല്ലെ, ചടങ്ങില്‍ തന്റെ പ്രസന്റ്സ് മോശമാക്കരുതല്ലൊ എന്ന് കരുതി ഉള്ളതില്‍ നല്ല കോട്ടും സ്യൂട്ടും ടൈയുമൊക്കെ അണിഞ്ഞെത്തിയ പ്രവാസ ലോകത്തെ പ്രാഞ്ചിയേട്ടന്മാര്‍ സദസില്‍ കോട്ടുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. കൂട്ടത്തില്‍ ഒരു പ്രാഞ്ചിയേട്ടന്‍ താരത്തിന്റെ ചെവിയില്‍ മൊഴിഞ്ഞത്രെ, സര്‍ ഇവരൊക്കെ തണുപ്പുകാലമായതുകൊണ്ടാണ് കോട്ടിട്ടിരിക്കുന്നത്. ഇവിടെ സ്ഥിരം കോട്ടിടുന്നവര്‍ തങ്ങള്‍ മാത്രമേയുള്ളൂ. അതുകേട്ട് താരം കവിള്‍ കുഴിഞ്ഞ ഒരു നാണച്ചിരി ചിരിച്ചെന്ന് ചരിത്രം.

'കാണാമറയത്ത്' -ഗള്‍ഫ് മാധ്യമം, ഏപ്രില്‍ 9, 2011

3 comments:

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

നാളത്തെ ബ്ലോഗ് മീറ്റിലെ പ്രാഞ്ചിമാരെപ്പറ്റിക്കൂടി എഴുതുമല്ലോ. പ്രാഡോ ഉള്ളവരെ നോട്ട് ചെയ്യാന്‍ മറക്കല്ലേ. പ്രാഡോ ഇല്ലാതെ എന്തു പ്രാഞ്ചി...:)

gulfkuttappan said...

അഭിനവ സായിപ്പന്മാര്‍...ബത്തയിലെ ഫുട്പാത്തില്‍ " യ ബലാഷ് യ ബാലഷ് എന്ന് വിളിച്ചു കൊണ്ട് നടന്നവര്‍ " ഇന്ന് ചാനലിസ്റ്റ് കളും ചിലര്‍ ന്യൂസ്‌ റിപ്പോര്‍ ട്ടരന്മാരുമാണ് "കലികാല വൈഭവം"

Sameer Thikkodi said...

സത്യം....

:)