Saturday, December 24, 2011

പ്രവാസ ലോകത്തെ പണ്ഡിറ്റുകള്‍

കാലം മാറുമ്പോള്‍ കോലവും മാറും. മാറിയ കാലത്തിന്റെ കോലമെന്നാല്‍ അത് സന്തോഷ് പണ്ഡിറ്റാവും. നാണമില്ലായ്മ മാന്യതയാവും. ഉളുപ്പില്ലായ്മ കുലമഹിമയായി വാഴ്ത്തപ്പെടും. ഫേസ്ബുക്കിന്റേയും യൂട്യൂബിന്റേയും നാലാം ലോകത്ത് പുതിയ നക്ഷത്രങ്ങള്‍ വിരിയും. പഴയ നക്ഷത്രങ്ങള്‍ ഉല്‍ക്കകളാകും. അങ്ങിനെ പണ്ഡിറ്റ് ദ ഗ്രേറ്റുകളുണ്ടാവും. ചുണ്ടില്‍ തത്തിക്കളിക്കുന്ന 'രാത്രി, ശിവരാത്രി.....'യുമായി ഒരു പണ്ഡിറ്റ് ഫാനായി കറങ്ങിത്തിരിയുമ്പോഴാണ് സാക്ഷി പ്രവാസലോകത്തെ പണ്ഡിറ്റുകളെ കുറിച്ചോര്‍ത്തത്. പ്രവാസലോകത്ത് പണ്ഡിറ്റുകള്‍ പലവിധമാണ്. ഉള്ളവരില്‍ മുഖ്യര്‍ സാംസ്കാരിക പണ്ഡിറ്റുകളാണ്. രാഷ്ട്രീയ പാര്‍ട്ടിയായാലും മതസംഘടനയായാലും പ്രദേശിക കൂട്ടായ്മയായാലും പ്രവാസ പതിപ്പുകള്‍ക്കെല്ലാം സാംസ്കാരിക മുഖമാണ്. അതുകൊണ്ടുതന്നെ സാംസ്കാരിക പണ്ഡിറ്റുകളുടെ സംസ്ഥാന സമ്മേളനമാണ് ഏത് പരിപാടിക്കും.

സാധാരണ ഗതിയില്‍ വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങുന്ന 'സാംസ്കാരിക ഗ്രഹണം' വെള്ളിയാഴ്ച രാത്രി പുലരുന്നതോടെയാണ് വിട്ടു പോവുക. ചടങ്ങേതായാലും വേദിയിലിടം കിട്ടുമോ, മൈക്ക് കിട്ടുമോ എന്നാണ് പണ്ഡിറ്റുകള്‍ നോക്കുക. വേദിയിലിടം കിട്ടും, മൈക്ക് കിട്ടും എന്നേതാണ്ട് ഉറപ്പായാല്‍ മതി, എത്ര കഷ്ടപ്പെട്ടിട്ടും കൃത്യമായി എത്തിച്ചേരും. (ദോഷം പറയരുതല്ലോ, സദസില്‍ ആളുവേണമെന്ന യാതൊരു നിര്‍ബന്ധവും ഈ പണ്ഡിറ്റുകള്‍ക്കില്ല). ഒരേ ദിവസം നടന്ന എട്ടു പരിപാടികളിലും പങ്കെടുത്ത് റെക്കോര്‍ഡിട്ട മഹാ പണ്ഡിറ്റുമാര്‍ വരെയുണ്ട്.

ഒരാഴ്ചത്തെ പത്രങ്ങളെല്ലാം നോക്കി, വേദി മനസിലാക്കി വരുന്ന പണ്ഡിറ്റുമാരുടെ രീതി വളരെ രസകരമാണ്. താമസസ്ഥലത്തു നിന്ന് പുറപ്പെടുമ്പോള്‍ രണ്ട് ജോഡി വസ്ത്രങ്ങള്‍ കവറിലാക്കി കരുതും. പരിപാടി നടക്കുന്നതിനടത്തുള്ള സ്ഥലത്തെവിടെയെങ്കിലുമുള്ള മുറിയില്‍ വെച്ച് കവറിലുള്ള 'ഇസ്തിരി ചുളിയാത്ത' വസ്ത്രത്തിലേക്കൊരു കൂടുവിട്ടു കൂടുമാറലാണ്. പിന്നെ പരിപാടി തുടങ്ങിയെന്നുറപ്പായാല്‍ ഓഡിറ്റോറിയത്തിന്റെ വാതിലില്‍ വന്നുനിന്ന് സംഘാടകരില്‍ തനിക്ക് സ്വാധീനമുള്ളയാളെ ഫോണില്‍ വിളിച്ച് ഹാജരുറപ്പാക്കും. പിന്നീടൊരു നാടകമാണ് അരങ്ങേറുക. സ്വാഗതം പറഞ്ഞു പോയയാള്‍ തിരിച്ചെത്തി അപ്പോള്‍ മൈക്കിന് മുമ്പിലുള്ളയാളെ തട്ടിമാറ്റി തട്ടിമൂളിക്കും. 'ബഹുമാന്യനായ ശ്രീ..... പണ്ഡിറ്റവര്‍കള്‍ എത്തിയിട്ടുണ്ട്. അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുന്നു.' കോളിനോസ് പുഞ്ചിരിയുമായി കഥാനായകന്‍ വേദിയിലേക്ക്. പിന്നെ മൈക്കിന് മുമ്പിലെ തന്റെ ഊഴത്തിനായി അക്ഷമയോടെയുള്ള കാത്തിരിപ്പ്. ഇതു കഴിഞ്ഞിട്ടുവേണം അടുത്ത പരിപാടി സ്ഥലത്തെ വാതിലില്‍ പോയിനിന്ന് ഹാജരുറപ്പാക്കാന്‍. ഊഴമെത്തിയാലോ, പിറകിലെ ബാനറിലേക്കൊന്നു പാളിനോക്കും, വിഷയം 'കൂണ്‍ കൃഷിയുടെ പ്രതിസന്ധി'യായാലും 'മുല്ലപ്പെരിയാറിലെ അണപൊട്ടുന്ന ആശങ്ക'യായാലും പിന്നെ ഒരേ ഈണത്തിലും ശ്രുതിയിലുമുള്ള വായ്ത്താരിയാണ്. ഇടക്കിടെ വിഷയത്തിന്റെ പേര് പുട്ടിന് പീരപോലെ തിരുകും. അങ്ങിനെ അടുത്ത ഒരാഴ്ച വരെ പത്രങ്ങളില്‍ ഓരോരോ ദിവസമായി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിലും ഫോട്ടോകളിലും ഒരുപോലെ സാന്നിധ്യമറിയിക്കാനുള്ള ഈ ദീര്‍ഘ ദര്‍ശനത്തിന് മുന്നില്‍ യഥാര്‍ഥ പണ്ഡിറ്റ് തോറ്റു പോകും.

ഏത് പരിപാടിക്ക് ക്ഷണിച്ചാലും പണ്ഡിറ്റുകള്‍ ഒരേ ചോദ്യമാണുയര്‍ത്തുക, എനിക്കവിടെ എന്ത് റോളാണ് കിട്ടുകയെന്ന്. ഒരിക്കല്‍ മയ്യിത്ത് നമസ്കാരത്തിന് ക്ഷണിച്ചപ്പോഴും ഇതേ ചോദ്യം കേട്ടത്രെ. ഒരു ഡമ്മി മയ്യിത്തിന്റെ റോളുണ്ടെന്ന് പറയേണ്ടിവന്നെന്ന് സംഘാടകന്‍ സാക്ഷിയോട്.

മിനിമം ആശംസാ റോളെങ്കിലും കിട്ടണം. അങ്ങിനെയാണ് അനുശോചനയോഗത്തില്‍ പോലും ആശംസാവചനങ്ങള്‍ കേട്ട് 'കൃഷ്ണനും രാധയും' സിനിമ കണ്ടപോലെ സാക്ഷി തുള്ളിച്ചാടിയത്. ഈ സിനിമയിലെ തീപ്പൊരി ഡയലോഗുകള്‍ക്ക് സമാനമായതും സാംസ്കാരിക വേദികളുടെ പിന്നാമ്പുറത്തുയരാറുണ്ട്. വേദിയിലിടം കിട്ടാത്ത പണ്ഡിറ്റുകള്‍ സംഘാടകരോട് തട്ടിക്കയറും, 'നീ വലിയവനാണെന്ന് കരുതി ഞാന്‍ ചെറിയവനാണെന്ന് കരുതരുത്...'

വനിതാ പണ്ഡിറ്റുകളും മോശമല്ല ഇക്കാര്യത്തില്‍. പരിപാടി മന്ത്രിയുടേതായാലും തന്ത്രിയുടേതായാലും വേദിയിലിടം വേണമെന്ന് മുന്‍കൂറായി സംഘാടകന്റെ ഫോണില്‍ മനസിളക്കാന്‍ പാകത്തില്‍ കിളിമൊഴികളായെത്തും. അവസരം കൊടുത്തില്ലെങ്കിലോ സിനിമാ ഡയലോഗ് തന്നെ കേള്‍ക്കേണ്ടിവരും.

പുതിയ പണ്ഡിറ്റുകളുടെ താരശോഭയില്‍ നിറംകെട്ടുപോയ പഴയ നക്ഷത്രങ്ങളുടെ ധാര്‍മികരോഷങ്ങളും സാംസ്കാരിക വേദികളില്‍ അങ്ങിങ്ങ് കേള്‍ക്കാം. നോര്‍ക്ക സി.ഇ.ഒയുടെ മുന്നില്‍ ആവലാതി ബോധിപ്പിക്കാന്‍ കൂടിയ യോഗത്തിലായാലും അംബാസഡറെ വരവേല്‍ക്കുന്ന ചടങ്ങിലായാലും തന്റെ ഗതകാല പ്രതാപങ്ങള്‍ വിവരിച്ചും മൈക്കിന്റെ പിടിവിടാതെയും 'ഉല്‍ക്കകള്‍' ഗദ്ഗദകണ്ഠരാകും. വര്‍ണസ്യൂട്ടുകളില്‍ പുതിയ പണ്ഡിറ്റുകള്‍ രംഗം വാഴുമ്പോള്‍ മൂലയിലായിപ്പോയ പഴയ താരങ്ങള്‍ അല്‍പം ഉറക്കെ ആത്മഗതം നടത്തും: 'പുതിയ സ്യൂട്ട് കൊണ്ട് തണുപ്പകറ്റാം, എന്നു കരുതി വി.ഐ.പിയാണെന്നര്‍ഥമില്ല...!!!

ഇനിയുമുണ്ട് പണ്ഡിറ്റുകള്‍ പലവിധം: ജീവകാരുണ്യ പണ്ഡിറ്റുകള്‍, മാധ്യമ പണ്ഡിറ്റുകള്‍, വാണിജ്യ പണ്ഡിറ്റുകള്‍, സാഹിത്യ പണ്ഡിറ്റുകള്‍, ഇവന്റ് മാനേജ്മെന്റ് പണ്ഡിറ്റുകള്‍, ഫോട്ടോ പണ്ഡിറ്റുകള്‍... ചീമുട്ടയേറും തക്കാളിയേറും അതിജീവിക്കാനായാല്‍ സാക്ഷി ഇവിടെ കുറിച്ചിടാം.

(കാണാമറയത്ത്-24-12-2011- Gulf Mahdyamam Daily)

No comments: