Sunday, March 27, 2011

മോര്‍ഫിങിന്റെ കുഞ്ഞാപ്പ സാധ്യതകള്‍!

പണ്ട് നാട്ടിന്‍പുറത്ത് സിനിമാ പോസ്റ്ററുകളിന്മേല്‍ അരങ്ങേറിയിരുന്ന ഒരു കലാരൂപമാണ് ഫോട്ടോ മാറ്റിയൊട്ടിക്കല്‍ വികൃതി. മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ജയന്റെ ഉടലില്‍ പ്രണയാര്‍ദ്രയായി കൂമ്പിയടഞ്ഞ ഭാവത്തോടെ സീമയുടെ തല. സീമയുടെ ഉടലിലാവട്ടെ പല്ലുകടിച്ച് നില്‍ക്കുന്ന ജയന്‍. കൃഷ്ണന്‍കുട്ടി നായരുടെ എലുമ്പന്‍ ബോഡിക്ക് താങ്ങാനാവാത്ത വിധം മമ്മൂട്ടിയുടെ തലക്കനം. കവിയൂര്‍ പൊന്നമ്മക്ക് തിലകന്റെ പരുക്കന്‍ ഭാവം. ശീലയുടെ ഉടലഴകില്‍ നാണം കുണുങ്ങി പ്രേംനസീര്‍.
നാടിന്‍ ഭിത്തികളില്‍ ഇത്തരം താമശകള്‍ ഒപ്പിക്കുന്ന പയ്യന്‍സിന് ഒരു നേരം കൊല്ലി വിനോദത്തിനപ്പുറം ഇതില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. കാണുന്നവരാവട്ടെ സിനിമാ താരങ്ങളുടെ യഥാര്‍ഥ ഭാവവും പോസ്റ്ററിലെ ആഫ്റ്റര്‍ മോര്‍ഫിങ് ഇഫക്ടും തമ്മിലെ തമാശ ആസ്വദിച്ച് ഉള്ളിലൊന്ന് ഊറി ചിരിച്ചുനടന്നുപോവുകയും ചെയ്യും. ഒട്ടൊരു നൊസ്റ്റാള്‍ജിയയോടെ മാത്രം ഓര്‍മ്മിച്ചെടുക്കാവുന്ന ഈ പഴയ നാട്ടിന്‍പുറ ചിത്രങ്ങള്‍ ഇപ്പോള്‍ വീണ്ടും സാക്ഷിയുടെ മനസിലങ്ങനെ മിഴിവോടെ വന്നുനില്‍ക്കുകയാണ്.
നാട്ടിന്‍പുറത്തെ പയ്യന്‍സ് വെറും വിനോദത്തിന് ചെയ്തിരുന്ന കലാരൂപത്തെ ഏറ്റെടുത്ത് വാണിജ്യപരമായി ഉപയോഗിച്ചത് വിസ കച്ചവടക്കാരാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ കടന്നുവരവോടെ തലമാറ്റിയൊട്ടിക്കല്‍ പരിപാടി മോര്‍ഫിങായി, സംതിങിനുള്ള വകുപ്പുമായി. പല വകുപ്പില്‍ ക്രിമിനല്‍ കേസുകളുമുണ്ടായി. ക്രിമിനോളജിയുടെ മോര്‍ഫിങ് പഠനശാഖക്ക് പുതിയ വെളിച്ചം പകരുന്ന ചില പ്രവാസ ചിത്രങ്ങളാണ് സാക്ഷി ഇവിടെ വരച്ചിടുന്നത്. മോര്‍ഫിങിന്റെ കുഞ്ഞാപ്പ (യഥാര്‍ഥ കുഞ്ഞാപ്പമാര്‍ സാക്ഷിയോട് ക്ഷമിക്കട്ടെ, എന്തിനുമേതിനും മുന്നില്‍ കയറിനിന്ന് ഓസിന് പബ്ലിസിറ്റി അടിച്ചെടുക്കുന്നവര്‍ക്ക് അങ്ങിനെയൊരു വിളിപ്പേര് ഈ പ്രവാസലോകത്തും പതിഞ്ഞുകിടക്കുന്നത് കൊണ്ട് സാക്ഷിക്ക് വേറെ മാര്‍ഗമില്ല) സാധ്യതകള്‍ തിരിച്ചറിഞ്ഞ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഒരു ഫോട്ടോ കൊണ്ട് ഒരായിരം സചിത്ര വാര്‍ത്തകളുണ്ടാക്കാമെന്ന മഹത്തായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഈ റെക്കോര്‍ഡിന് മുന്നില്‍ ഒരു അപ്പം കൊണ്ട് ഒരു പാടുപേരുടെ വിശപ്പകറ്റിയ മഹത്തായ ചരിത്രങ്ങള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാവില്ല.
ജീവകാരുണ്യ പ്രവര്‍ത്തനം മഹത്തായ ജീവതാദര്‍ശമായി സ്വീകരിച്ച സാമൂഹിക പ്രവര്‍ത്തര്‍ക്കിടയിലെ ചില ജീവകാരുണ്യന്മാര്‍ക്ക് എന്നും തങ്ങളുടെ ഫോട്ടോ പത്രത്തിലും ചാനലിലുമൊക്കെ വന്നുകാണേണ്ടത് ജന്മാവകാശമാണ് എന്നു തോന്നുന്നയിടത്താണ് പിഴവ് സംഭവിച്ചത്. ദുരിതം പറ്റീന്ന് കേട്ടോടിയെത്തിയാലുടന്‍ ഇരകള്‍ക്ക് മുന്നില്‍ ഒരു പ്രത്യേക പോസില്‍നിന്നൊരു ഫോട്ടോയെടുപ്പാണ്. അതുകൊടുത്തേ പറ്റൂ. കൊടുക്കാത്ത പത്രക്കാരനെ ലിസ്റ്റില്‍നിന്ന് വെട്ടും.
ഇതൊക്കെ കണ്ടുംകേട്ടും സാക്ഷി പത്രമാപ്പീസില്‍ ബോറടിച്ചിരിക്കുമ്പോഴാണ് മോര്‍ഫിങിന്റെ വരവ്. മുന്നിലെത്തിയ ഒരു വാര്‍ത്തയോടൊപ്പമുള്ള ഫോട്ടോയില്‍ എന്തോ ഒരു വല്ലായ്ക. നോക്കുമ്പോള്‍ ഫോട്ടോയുടെ ഒരു പകുതി നേരത്തെ എവിടെയോ കണ്ടതാണല്ലൊ എന്ന തോന്നല്‍. മറ്റൊരു പത്രത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അച്ചടിച്ചുവന്ന തികച്ചും വ്യത്യസ്തമായ വാര്‍ത്തുടെ ഫോട്ടോയില്‍നിന്ന് ട്രിം ചെയ്തെടുത്ത രണ്ട് ജീവകാരുണ്യന്മാരുടെ രൂപങ്ങള്‍ പുതിയ കഥയിലെ ഇരയോടൊപ്പം തുന്നിച്ചേര്‍ത്ത് അയച്ചിരിക്കുകയാണ് ജീവകാരുണ്യന്‍. ഇരക്ക് നാട്ടില്‍ പോകാന്‍ വിമാന ടിക്കറ്റ് കൊടുക്കുന്നതാണത്രെ ചിത്രത്തില്‍. പഴയ വാര്‍ത്തയിലെ ഫോട്ടോയും മോര്‍ഫിങ്ങായിരുന്നെന്ന് ഫോട്ടോഷോപ്പില്‍ വിരുതുള്ള സാക്ഷിക്ക് വേഗം തിരിഞ്ഞു. സ്ഥലത്തില്ലാതിരുന്ന ഒരു ജീവകാരുണ്യനെ അതില്‍ തുന്നിച്ചേര്‍ത്തതായിരുന്നത്രെ. അടുത്ത വാര്‍ത്തയിലെത്തിയപ്പോള്‍ ഇരട്ട മോര്‍ഫിങ്!
അപ്പോളതാ അടുത്ത ഫോട്ടോയുടെ വരവ്. നാട്ടില്‍ സഹായം കൊടുത്തതാണ്. ഫോട്ടോയില്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ നില്‍പ് അത്ര പന്തിയല്ലല്ലൊ എന്നാരാഞ്ഞ സാക്ഷിക്ക് മുന്നില്‍ ഫോട്ടോഷോപ്പിലെ മോര്‍ഫിങ് പണി വേണ്ടത്ര വശമില്ലാത്തവനെ ഏല്‍പിച്ചതിനെ പറഞ്ഞാല്‍ മതിയല്ലൊ എന്ന് ജീവകാരുണ്യന്റെ ആത്മഗതം.

'കാണാമറയത്ത്' -ഗള്‍ഫ് മാധ്യമം, മാര്‍ച്ച് 26, 2011  

Sunday, March 13, 2011

ബത്ഹയിലെ പാട്ടുമല്‍സരത്തിന് കാണാം...


കബഡി മല്‍സരത്തിലും ചെസ് കളിയിലും തോല്‍ക്കുമ്പോള്‍ 'യോദ്ധ' എന്ന മലയാള സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ നായകനായ തൈപ്പറമ്പില്‍ അശോകനെ വെല്ലുവിളിക്കുന്നത് കാവിലെ പാട്ടുമല്‍സരത്തിന് കാണാമെന്നാണ്. പണ്ടു കണ്ടുമറന്ന ഈ സിനിമയുടെ രസകരമായ ദൃശ്യങ്ങളെ വീണ്ടും സാക്ഷിയുടെ മനസിന്റെ വെള്ളിത്തിരയിലെത്തിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ ബത്ഹയില്‍ കണ്ടതും കേട്ടതുമായ ചില സംഘടനാവിശേഷങ്ങളുടെ തമാശകളാണ്. ബത്ഹയില്‍ പ്രശസ്തമായൊരു മൂന്നു നക്ഷത്ര ഹോട്ടലുണ്ട്. അതിന്റെ മുറ്റം കുറച്ചു വിശാലമാണ്. മലയാളി സംഘടനാപ്രവര്‍ത്തകരില്‍ പലരുടെയും സായംകാല കൂടിച്ചേരലിന്റെ വേദി. നാട്ടിലെ കലുങ്കും അമ്പലപ്പറമ്പും സ്കൂള്‍ മുറ്റവുമൊക്കെ പോലെ ഒരു ഗൃഹാതുര മനോവിചാര കേളി വിപിനം. സംഘടനകള്‍ വളരുകയും പിളരുകയും പിന്നെയും കൂടിച്ചേരുകയും പോലുള്ള ഒട്ടേറെ അമീബിയന്‍ പ്രതിഭാസങ്ങള്‍ക്ക് ഈ ശാന്ത പ്രൌഢാങ്കണം മൂകസാക്ഷി. ഹോട്ടലിന്റെ തൂണുകളുടെ മറപറ്റി സംഘടനകളുടെ അന്തഃപ്പുര രഹസ്യങ്ങള്‍ ആമയുടെ ഉടല്‍വഴക്കം പാലിക്കും. ഉപജാപങ്ങള്‍ കത്തിമിനുക്കും. ഇരുള്‍ മൂലകളില്‍ ഗ്രൂപ്പുകളിയുടെ പകിടയേറ്.
സംഘടനകളാവുമ്പോള്‍ പുറത്തല്ലാതെ അകത്തും മല്‍സരങ്ങളുണ്ടാവുമല്ലൊ. തൊഴുത്തില്‍കുത്ത്, ഗ്രൂപ്പുകളി, ചവിട്ടിത്താഴ്ത്തല്‍, പാളയത്തില്‍ പട തുടങ്ങി നമ്മള്‍ മലയാളികളുടെ ദേശീയ കലാരൂപങ്ങളിലാണ് മല്‍സരം. ഇതിലൊക്കെ ഏര്‍പ്പെട്ട് തോല്‍ക്കുന്നവര്‍ പിന്നെ അങ്ങാടിയിലേക്കിറങ്ങി പാട്ടുമല്‍സരമാണ്. പത്രമാപ്പീസില്‍ സ്കൂപ്പുകള്‍ വിരിയുന്നതും കാത്ത് കണക്കുകൂട്ടലുകള്‍ക്ക് അടയിരുന്ന ഒരു സായംസന്ധ്യയില്‍ സാക്ഷിക്ക് ഒരു ഫോണ്‍കോള്‍. 'ചില തമാശകള്‍ ഇന്ന് അരങ്ങേറും. രാത്രി ഒമ്പതിന് ശേഷം അവിടെ ചില പൊട്ടലും ചീറ്റലുകളുമുണ്ടാകും...' സാക്ഷിക്ക് പെട്ടെന്ന് കാര്യം തിരിഞ്ഞുകിട്ടി. തലേന്നാളുകളില്‍ പറഞ്ഞുകേട്ട ചില അടുക്കളവഴക്കുകളുടെ 'മുറ്റത്തു തല്ലാ'ണ് സംഗതി. പണ്ടൊക്കെ അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടെന്നായിരുന്നല്ലോ. ഇപ്പോള്‍ വീട്ടില്‍
തോറ്റാല്‍ അങ്ങാടിയിലെന്നാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവാസി സംഘടനയില്‍ 'കബഡി'യിലും 'ചെസി'ലും തോറ്റവര്‍ ഈ പറഞ്ഞ സ്ഥലത്ത് പാട്ടുമല്‍സരത്തിനെത്തുമെന്നാണ് ഫോണില്‍ കേട്ടതിനര്‍ഥം. കാത്തിരുന്ന സാക്ഷിക്ക് കണ്ണിനും കാതിനും ഉല്‍സവം... ഉന്തോ തള്ളോ... എന്തോ... സാക്ഷിയായിട്ട് അങ്ങനെയൊന്നും പറയുന്നില്ല... ദൃസാക്ഷികളെന്ന സര്‍ട്ടിഫിക്കറ്റോടെ ചില ഘടക കക്ഷികളും രാഷ്ട്രീയ പ്രതിയോഗികളും ഗ്രൂപ്പുവൈരികളും പറഞ്ഞതേ സാക്ഷി ഇവിടെ രേഖപ്പെടുത്തുന്നുള്ളൂ. എന്താണീ അനവസരത്തിലെ 'പടകാളി' പാട്ടുമല്‍സരത്തിന് കാരണം... സാക്ഷി ചികഞ്ഞുനോക്കിയപ്പോള്‍ കിട്ടിയത് പറയണമെങ്കില്‍ വീണ്ടും യോദ്ധ സിനിമയുടെ ദൃശ്യങ്ങള്‍ തന്നെ സപ്പോര്‍ട്ടിന് വേണം. ഈ അപ്പുകുട്ടന്റെ പോരുവിളി മടുത്തിട്ട് അശോകന്‍ നേപ്പാളിലെ കുട്ടമാമയുടെ അടുത്തേക്ക് പോകുന്ന ഒരു രംഗമുണ്ട് സിനിമയില്‍. നേപ്പാളില്‍ പോയി കുട്ടമാമയുടെ മകള്‍
മുറപ്പെണ്ണായ അശ്വതിയെയും കെട്ടി സുഖമായി ജീവിക്കാനുള്ള മോഹവുമായി അവിടെയെത്തുമ്പോള്‍ അവിടെ അതാ വീട്ടിനുള്ളില്‍ നിന്ന് കുട്ടമാമയോടൊപ്പം ഇറങ്ങിവരുന്നു സാക്ഷാല്‍ അപ്പുക്കുട്ടന്‍ 'അശോകനാ'യി! രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവ് നാട്ടില്‍നിന്നെത്തിയപ്പോള്‍ അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ പോയി സ്വീകരിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കേന്ദ്ര കമ്മിറ്റി കൂടി തീരുമാനിച്ച പ്രകാരം പ്രസിഡന്റും സഹഭാരവാഹിക
ളും പൂച്ചെണ്ടുമായി പോയി, പാവം അശോകന്റെ മനോവ്യാപാരത്തോടെ. എയര്‍പോര്‍ട്ടിലെ അറൈവല്‍ ടെര്‍മിനലില്‍ വേലിക്കിപ്പുറം കാത്തുനില്‍ക്കുമ്പോള്‍ കാണുന്ന കാഴ്ചയോ, നാട്ടില്‍നിന്നെത്തിയ നേതാവിനെ അകത്തുപോയി പൂച്ചെണ്ട് കൊടുത്തു സ്വീകരിച്ച് കൊണ്ടുവരുന്നു, കേന്ദ്ര കമ്മിറ്റിയിലോ, അതിന്റെ ചുറ്റുവട്ടത്തൊ ഇല്ലാത്ത, സാക്ഷാല്‍ അപ്പുക്കുട്ടന്‍! അശോകന്റെ ചങ്കുപൊടിയാന്‍ ഇതിലപ്പുറമെന്തുവേണം. ഇതാണ് ബത്ഹയിലെ പാട്ടുമല്‍സരത്തില്‍ കലാശിച്ചതെന്നാണ് പിന്നാമ്പുറത്ത് കേട്ടത്.

'കാണാമറയത്ത്' -ഗള്‍ഫ് മാധ്യമം, മാര്‍ച്ച് 12, 2011