Sunday, March 13, 2011

ബത്ഹയിലെ പാട്ടുമല്‍സരത്തിന് കാണാം...


കബഡി മല്‍സരത്തിലും ചെസ് കളിയിലും തോല്‍ക്കുമ്പോള്‍ 'യോദ്ധ' എന്ന മലയാള സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ നായകനായ തൈപ്പറമ്പില്‍ അശോകനെ വെല്ലുവിളിക്കുന്നത് കാവിലെ പാട്ടുമല്‍സരത്തിന് കാണാമെന്നാണ്. പണ്ടു കണ്ടുമറന്ന ഈ സിനിമയുടെ രസകരമായ ദൃശ്യങ്ങളെ വീണ്ടും സാക്ഷിയുടെ മനസിന്റെ വെള്ളിത്തിരയിലെത്തിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ ബത്ഹയില്‍ കണ്ടതും കേട്ടതുമായ ചില സംഘടനാവിശേഷങ്ങളുടെ തമാശകളാണ്. ബത്ഹയില്‍ പ്രശസ്തമായൊരു മൂന്നു നക്ഷത്ര ഹോട്ടലുണ്ട്. അതിന്റെ മുറ്റം കുറച്ചു വിശാലമാണ്. മലയാളി സംഘടനാപ്രവര്‍ത്തകരില്‍ പലരുടെയും സായംകാല കൂടിച്ചേരലിന്റെ വേദി. നാട്ടിലെ കലുങ്കും അമ്പലപ്പറമ്പും സ്കൂള്‍ മുറ്റവുമൊക്കെ പോലെ ഒരു ഗൃഹാതുര മനോവിചാര കേളി വിപിനം. സംഘടനകള്‍ വളരുകയും പിളരുകയും പിന്നെയും കൂടിച്ചേരുകയും പോലുള്ള ഒട്ടേറെ അമീബിയന്‍ പ്രതിഭാസങ്ങള്‍ക്ക് ഈ ശാന്ത പ്രൌഢാങ്കണം മൂകസാക്ഷി. ഹോട്ടലിന്റെ തൂണുകളുടെ മറപറ്റി സംഘടനകളുടെ അന്തഃപ്പുര രഹസ്യങ്ങള്‍ ആമയുടെ ഉടല്‍വഴക്കം പാലിക്കും. ഉപജാപങ്ങള്‍ കത്തിമിനുക്കും. ഇരുള്‍ മൂലകളില്‍ ഗ്രൂപ്പുകളിയുടെ പകിടയേറ്.
സംഘടനകളാവുമ്പോള്‍ പുറത്തല്ലാതെ അകത്തും മല്‍സരങ്ങളുണ്ടാവുമല്ലൊ. തൊഴുത്തില്‍കുത്ത്, ഗ്രൂപ്പുകളി, ചവിട്ടിത്താഴ്ത്തല്‍, പാളയത്തില്‍ പട തുടങ്ങി നമ്മള്‍ മലയാളികളുടെ ദേശീയ കലാരൂപങ്ങളിലാണ് മല്‍സരം. ഇതിലൊക്കെ ഏര്‍പ്പെട്ട് തോല്‍ക്കുന്നവര്‍ പിന്നെ അങ്ങാടിയിലേക്കിറങ്ങി പാട്ടുമല്‍സരമാണ്. പത്രമാപ്പീസില്‍ സ്കൂപ്പുകള്‍ വിരിയുന്നതും കാത്ത് കണക്കുകൂട്ടലുകള്‍ക്ക് അടയിരുന്ന ഒരു സായംസന്ധ്യയില്‍ സാക്ഷിക്ക് ഒരു ഫോണ്‍കോള്‍. 'ചില തമാശകള്‍ ഇന്ന് അരങ്ങേറും. രാത്രി ഒമ്പതിന് ശേഷം അവിടെ ചില പൊട്ടലും ചീറ്റലുകളുമുണ്ടാകും...' സാക്ഷിക്ക് പെട്ടെന്ന് കാര്യം തിരിഞ്ഞുകിട്ടി. തലേന്നാളുകളില്‍ പറഞ്ഞുകേട്ട ചില അടുക്കളവഴക്കുകളുടെ 'മുറ്റത്തു തല്ലാ'ണ് സംഗതി. പണ്ടൊക്കെ അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടെന്നായിരുന്നല്ലോ. ഇപ്പോള്‍ വീട്ടില്‍
തോറ്റാല്‍ അങ്ങാടിയിലെന്നാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവാസി സംഘടനയില്‍ 'കബഡി'യിലും 'ചെസി'ലും തോറ്റവര്‍ ഈ പറഞ്ഞ സ്ഥലത്ത് പാട്ടുമല്‍സരത്തിനെത്തുമെന്നാണ് ഫോണില്‍ കേട്ടതിനര്‍ഥം. കാത്തിരുന്ന സാക്ഷിക്ക് കണ്ണിനും കാതിനും ഉല്‍സവം... ഉന്തോ തള്ളോ... എന്തോ... സാക്ഷിയായിട്ട് അങ്ങനെയൊന്നും പറയുന്നില്ല... ദൃസാക്ഷികളെന്ന സര്‍ട്ടിഫിക്കറ്റോടെ ചില ഘടക കക്ഷികളും രാഷ്ട്രീയ പ്രതിയോഗികളും ഗ്രൂപ്പുവൈരികളും പറഞ്ഞതേ സാക്ഷി ഇവിടെ രേഖപ്പെടുത്തുന്നുള്ളൂ. എന്താണീ അനവസരത്തിലെ 'പടകാളി' പാട്ടുമല്‍സരത്തിന് കാരണം... സാക്ഷി ചികഞ്ഞുനോക്കിയപ്പോള്‍ കിട്ടിയത് പറയണമെങ്കില്‍ വീണ്ടും യോദ്ധ സിനിമയുടെ ദൃശ്യങ്ങള്‍ തന്നെ സപ്പോര്‍ട്ടിന് വേണം. ഈ അപ്പുകുട്ടന്റെ പോരുവിളി മടുത്തിട്ട് അശോകന്‍ നേപ്പാളിലെ കുട്ടമാമയുടെ അടുത്തേക്ക് പോകുന്ന ഒരു രംഗമുണ്ട് സിനിമയില്‍. നേപ്പാളില്‍ പോയി കുട്ടമാമയുടെ മകള്‍
മുറപ്പെണ്ണായ അശ്വതിയെയും കെട്ടി സുഖമായി ജീവിക്കാനുള്ള മോഹവുമായി അവിടെയെത്തുമ്പോള്‍ അവിടെ അതാ വീട്ടിനുള്ളില്‍ നിന്ന് കുട്ടമാമയോടൊപ്പം ഇറങ്ങിവരുന്നു സാക്ഷാല്‍ അപ്പുക്കുട്ടന്‍ 'അശോകനാ'യി! രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവ് നാട്ടില്‍നിന്നെത്തിയപ്പോള്‍ അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ പോയി സ്വീകരിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കേന്ദ്ര കമ്മിറ്റി കൂടി തീരുമാനിച്ച പ്രകാരം പ്രസിഡന്റും സഹഭാരവാഹിക
ളും പൂച്ചെണ്ടുമായി പോയി, പാവം അശോകന്റെ മനോവ്യാപാരത്തോടെ. എയര്‍പോര്‍ട്ടിലെ അറൈവല്‍ ടെര്‍മിനലില്‍ വേലിക്കിപ്പുറം കാത്തുനില്‍ക്കുമ്പോള്‍ കാണുന്ന കാഴ്ചയോ, നാട്ടില്‍നിന്നെത്തിയ നേതാവിനെ അകത്തുപോയി പൂച്ചെണ്ട് കൊടുത്തു സ്വീകരിച്ച് കൊണ്ടുവരുന്നു, കേന്ദ്ര കമ്മിറ്റിയിലോ, അതിന്റെ ചുറ്റുവട്ടത്തൊ ഇല്ലാത്ത, സാക്ഷാല്‍ അപ്പുക്കുട്ടന്‍! അശോകന്റെ ചങ്കുപൊടിയാന്‍ ഇതിലപ്പുറമെന്തുവേണം. ഇതാണ് ബത്ഹയിലെ പാട്ടുമല്‍സരത്തില്‍ കലാശിച്ചതെന്നാണ് പിന്നാമ്പുറത്ത് കേട്ടത്.

'കാണാമറയത്ത്' -ഗള്‍ഫ് മാധ്യമം, മാര്‍ച്ച് 12, 2011

7 comments:

വെള്ളരി പ്രാവ് said...

ആത്മഗതം.........
"സാക്ഷിക്കെന്താ കൊമ്പുണ്ടോ?"

SABEENA M SALI said...

എല്ലാം അറിയുന്നവന്‍ സാക്ഷി...e

Anonymous said...

സാക്ഷി കാണാമറയത്തു ഇരുന്നു എഴുതുന്നത്‌ നന്നാകുന്നുണ്ട്
എന്റെ കൈയിലും ചില തുണ്ട് ...
ബത്തയിലെ " അര്‍ദ്ധ ചന്ദ്ര വെളിച്ചത്തില്‍ കേട്ട ചില നുറുങ്ങുകള്‍ " ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ട്......

Anonymous said...

welcome anony!!!

sakshi

Faizal Kondotty said...

:)

വഴിയോരം... said...

അനുഭവം സാക്ഷി ...

Jaseel Kotta said...

ബതയെ കുറിച്ച് വല്ലാതെ ഒന്നും അറിയില്ലെങ്കിലും ... സ്കൂപില്‍ നിന്ന് ഒരു കാര്യം മാത്രം മനസ്സിലായി.. സംഗതി മിക്കവാറും നമ്മടെ ഗാന്ധിയന്മാരുടെ കസേര കളിയയിരിക്കാം.. അല്ലെ മിസ്ടര്‍ സാക്ഷി???